Saturday 24 November 2007

ആത്മരോദനം

പ്രകൃതീ, ചടുലമാം താണ്ഡവ മുദ്രകള്‍ തീര്‍ത്തു നീ
ചേതനയറ്റൊരാ മൂകമാം മാത്രയില്‍
കനലൂറും നാളുകള്‍ കാറ്റില്‍ മറഞ്ഞപ്പോള്‍
‍മമഹൃദയം തേങ്ങി നിന്‍ മടിയില്‍ തളര്‍ന്നു പോയ്

ഇന്നു നീ ശക്തയാം കാളിതന്‍ രൂപമായ്
നിന്‍ മക്കളോ ഹംസവേഷമായ് മാറിയോ?
ശാന്തമായ് നിന്‍ മുഖം ദര്‍ശിച്ചു ഞാനന്നു
ശാശ്വത വീഥികള്‍ മുമ്പില്‍ നിറഞ്ഞപ്പോള്‍

ഇന്നു ഞാന്‍ പതിതനാം പദയാത്രികന്‍ മാത്രം
ഇന്നു ഞാന്‍ പാര്‍വണം തീരാത്ത ജന്മമായ്
ആത്മാവിലൂറുന്ന കണ്ണുനീര്‍ത്തുള്ളികള്‍
‍അര്‍പ്പിച്ചു നിന്‍ മടിത്തട്ടില്‍ മയങ്ങി ഞാന്‍

അവതാളമൊഴുകുന്ന വീണയായെന്‍ മനം
അതിലാര്‍ദ്ര ഭിക്ഷയായ് തന്നു നീ സാന്ത്വനം
എന്നിരുന്നാലും നിന്‍ കണ്‍കളില്‍ തെളിയുന്ന
നക്ഷത്ര ദീപങ്ങള്‍ നോക്കി ഞാന്‍ കേഴുന്നു

നിര്‍ത്തൂ നിന്‍ താണ്ഡവം മായട്ടെ കോലങ്ങള്‍
നിത്യവും ശാന്തമായ് തീരട്ടെ നിന്‍ മനം.