Saturday 24 November 2007

ആത്മരോദനം

പ്രകൃതീ, ചടുലമാം താണ്ഡവ മുദ്രകള്‍ തീര്‍ത്തു നീ
ചേതനയറ്റൊരാ മൂകമാം മാത്രയില്‍
കനലൂറും നാളുകള്‍ കാറ്റില്‍ മറഞ്ഞപ്പോള്‍
‍മമഹൃദയം തേങ്ങി നിന്‍ മടിയില്‍ തളര്‍ന്നു പോയ്

ഇന്നു നീ ശക്തയാം കാളിതന്‍ രൂപമായ്
നിന്‍ മക്കളോ ഹംസവേഷമായ് മാറിയോ?
ശാന്തമായ് നിന്‍ മുഖം ദര്‍ശിച്ചു ഞാനന്നു
ശാശ്വത വീഥികള്‍ മുമ്പില്‍ നിറഞ്ഞപ്പോള്‍

ഇന്നു ഞാന്‍ പതിതനാം പദയാത്രികന്‍ മാത്രം
ഇന്നു ഞാന്‍ പാര്‍വണം തീരാത്ത ജന്മമായ്
ആത്മാവിലൂറുന്ന കണ്ണുനീര്‍ത്തുള്ളികള്‍
‍അര്‍പ്പിച്ചു നിന്‍ മടിത്തട്ടില്‍ മയങ്ങി ഞാന്‍

അവതാളമൊഴുകുന്ന വീണയായെന്‍ മനം
അതിലാര്‍ദ്ര ഭിക്ഷയായ് തന്നു നീ സാന്ത്വനം
എന്നിരുന്നാലും നിന്‍ കണ്‍കളില്‍ തെളിയുന്ന
നക്ഷത്ര ദീപങ്ങള്‍ നോക്കി ഞാന്‍ കേഴുന്നു

നിര്‍ത്തൂ നിന്‍ താണ്ഡവം മായട്ടെ കോലങ്ങള്‍
നിത്യവും ശാന്തമായ് തീരട്ടെ നിന്‍ മനം.

Friday 29 June 2007

നിനക്കായ്

അറിയാതെയറിയാതെ ഞാന്‍ നിന്നെ പ്രണയിച്ചുപോകുന്നു
അറിയില്ലെനിക്കെന്തിനു വേണ്ടിയെന്ന്
ഒന്നുമാത്രമെന്‍ മനതാരറിയുന്നു, ആവില്ല എനിക്കൊരുനാളും
നിന്നില്‍ നിന്നോടിയകലാന്‍...

വെള്ളവും വളവും നല്‍കി ഞാന്‍
പരിപോഷിപ്പിച്ചിടുമെന്നുമെന്നും
കാത്തുപരിപാലിച്ചീടും ഞാനെന്‍..
ജീവകണമെന്നപോല്‍...

കൊതിക്കുന്നു ഞാന്‍ നിന്‍ സ്നേഹ സാമീപ്യം
ആശിക്കുന്നു ഞാന്‍ നിന്നെയെന്നാളും
വേണം നീയെന്‍ ജീവനിലെന്നും
എന്‍ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്താന്‍...

Monday 25 June 2007

അകലെ

മിഴികളില്‍ തെളിയുന്ന ദീപമേ സ്വപ്നമാം
ഉദ്യാനം തന്നിലെ പുഷ്പമേ
എവിടെ നീയിന്നു മറഞ്ഞുപോയി
എവിടെ നിന്നോര്‍മ്മകള്‍ മാഞ്ഞുപോയി

കനലെഴും രാവിന്റെ കാണാത്തടാകത്തി-
ലമരുന്ന ജ്വാലയായ് മാറി ഞാനെപ്പോഴോ
കുയിലുകള്‍ പാടുന്ന തൊടിയിലെ സന്ധ്യയില്‍
നില്‍പ്പൂ ഞാനിന്നൊരു കൈക്കുഞ്ഞതുപോലെ

കണ്‍കളില്‍ തെളിയുന്ന നക്ഷത്ര ദീപങ്ങള്‍
കാറ്റിന്റെ മര്‍മ്മരം കാല്‍ച്ചിലമ്പാകുന്നു
ഓര്‍ക്കുവനാകില്ല ഇന്നിന്റെ നാളെകള്‍
ഓര്‍മ്മകള്‍ വേദനാ പുഷ്പങ്ങളാകുന്നു

പറയൂ നീ കാലമേ പറയൂ നീയത്രയും
എവിടെ എന്‍ സ്വഗൃഹം.. എവിടെ എന്‍ സ്വപ്നങ്ങള്‍..

- നോബി ബിജു -

Friday 22 June 2007

നിന്റെ രൂപം

മനസ്സിന്‍ ജാലകവാതിലില്‍ പതിഞ്ഞൊരു രൂപം
ഹൃദയത്തിന്‍ തന്ത്രിയില്‍ മീട്ടുവാനൊരു സ്വരം
അറിയാതെ അറിയാതെ എന്നുള്ളില്‍ നിറയും
നിന്‍ സ്നേഹരൂപം..



Monday 21 May 2007

തുടക്കം

എന്റെ മനസ്സില്‍ തോന്നുന്ന ചില കൊച്ചു കവിതകളും കഥകളുമെല്ലാം കോറിയിടാനൊരിടം.

വായിച്ചിട്ട് അഭിപ്രായങ്ങള്‍ അറിയിക്കണേ....